|
ഹിസ്റ്ററി
ഇടവന പറമ്പാടിൽ ഫാമിലി

കൊച്ചി താലൂക്കിലുള്ള പള്ളിപ്പുറം വില്ലേജിലെ പുരാതനമായ ഒരു നായർ തറവാടാണ് 'ഇടവന പറമ്പാടിൽ'. 1987 ൽ തറവാട്ടിൽ നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തിൽ തെളിഞ്ഞതനുസരിച്ചു ഈ കുടുംബം കണ്ണൂരിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് വന്നു ചേർന്നതാണെന്നു പറയാം. എന്തായാലും ഇപ്പോൾ നിലവിലുള്ള തറവാട്ടു വീടും മഠവും ഒക്കെ വളരെയേറെ വർഷങ്ങളുടെ പഴക്കമുള്ളതാണ് .

ഒരു കാലത്ത് കൊച്ചി മഹാരാജാവിൻറെ അധീനതയിൽ ആയിരുന്ന ഈ പ്രദേശത്തു മഹാരാജാവിനാൽ പ്രതിഷ്ഠ നടത്തിയ പ്രധാന ക്ഷേത്രമാണ് പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പുഴ മാർഗം ഈ ക്ഷേത്രത്തിൽ ദർശനം നടത്താറുള്ള രാജാവും പരിവാരങ്ങളും വിശ്രമിച്ചിരുന്നത് ക്ഷേത്രത്തിനു തൊട്ടടുത്ത് തന്നെ പണി കഴിപ്പിച്ച കോവിലകത്തായിരുന്നു. പിന്നീട് സർക്കാർ ആയുർവേദ ആശുപത്രി ആയിത്തീർന്ന ഈ കോവിലകം ഇന്നും അവിടെ നിലകൊള്ളുന്നു. അക്കാലത്തെ പ്രധാന തറവാട്ടുകാർ ആയിരുന്ന പറമ്പാടി കാരണവന്മാരും മഹാരാജാവും തമ്മിലുണ്ടായിരുന്ന സുദൃഡ ബന്ധത്താൽ പല പുരയിടങ്ങളും മഹാരാജാവ് നമുക്ക് എഴുതി തരുകയുണ്ടായി . കൂടാതെ തട്ടകത്തെ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൻറെ നടത്തിപ്പും ഉത്തരവാദിത്തവും നമ്മെ ഏൽപ്പിക്കുകയുണ്ടായി. പിൽക്കാലത്തു ക്ഷേത്രം സർക്കാർ ഏറ്റെടുത്തു ദേവസ്വം ബോർഡിൻറെ കീഴിൽ ആക്കിയപ്പോളും ഈ ക്ഷേത്രവും നമ്മുടെ കുടുംബവും തമ്മിലുള്ള അഭേദ്യമായ ബന്ധം കണക്കിലെടുത്തു ധാരാളം സ്വർണവും ആടയാഭരണങ്ങളും ക്ഷേത്രത്തിലേക്ക് ദാനം ചെയ്യുകയുണ്ടായി. ഉത്സവം കഴിഞ്ഞുള്ള കളഭം ചാർത്തൽ ഉൾപ്പടെ പല വഴിപാടുകളും തറവാട്ടു വകയായി ഇന്നും നടത്തി വരുന്നു. കാരണവന്മാരുടെ ദീർഘ ദൃഷ്ടിയും അർപ്പണ മനോഭാവവും കൊണ്ട് പള്ളിപ്പുറം വില്ലേജിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒരു കാലത്ത് ഇടവന പറമ്പാടിൽ തറവാട്ടുകാരുടേതായിരിന്നു. ആദ്യകാല കാരണവരായ കുഞ്ഞുണ്ണിമാൻറെ കാലത്താണ് ഈ കണ്ട സ്വത്തുക്കളെല്ലാം നമുക്കുണ്ടായത് എന്നാണ് ചരിത്രം പറയുന്നത്.

നമ്മുടെ പൂർവികന്മാർ ഈ പ്രദേശത്തെ സാമൂഹികവും കലാസാംസ്കാരികവും സാമ്പത്തികവുമായ കാര്യങ്ങളിൽ എല്ലാം ഫലപ്രദമായി ഇടപെടുകയും വിലപ്പെട്ട സംഭാവനകൾ നല്കിയവരുമാണ്. ഇന്നത്തെ തലമുറയിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ രാജ്യത്തിന് അകത്തും പുറത്തുമായി വ്യക്തിമുദ്ര പതിപ്പിച്ച പലരും ഉണ്ട്. അവരുടെ വിലപ്പെട്ട സംഭാവനകൾ കൊണ്ട് കുടുംബത്തിന്റെ മഹിമയും കീർത്തിയും എല്ലായിടങ്ങളിലും പരക്കുന്നു.

മണ്മറഞ്ഞ കാരണവന്മാർ എല്ലാം നല്ല രീതിയിൽ കുടുംബങ്ങളെയെല്ലാം യോജിപ്പിച്ചു നിർത്തുകയും തറവാട്ടിൽ നടത്താറുള്ള പൂജാദി കർമങ്ങൾ യഥാവിധി നടത്തുകയും അതിനായി ഏകദേശം 70 സെന്റ് സ്ഥലത്തു ഒരു മഠം പണികഴിപ്പിക്കുകയും ഭാഗം ചെയ്യുന്ന സമയത്തു 4 ഏക്കറോളം ഫലപൂയിഷ്ടമായ പുരയിടം മഠം സംബന്ധിച്ച ചെലവുകൾക്കായി മാറ്റി വക്കുകയും ചെയ്തു. ഭൂപരിഷ്കരണത്തിൻറെ ഫലമായി കുടികിടപ്പുകാർക്കു കൊടുത്തതിനു ശേഷമുള്ള പുരയിടത്തിൽ നിന്ന് കിട്ടുന്ന ആദായം കൊണ്ട് പൂജാദി കർമങ്ങളും മഠത്തിന്റെ അറ്റകുറ്റപ്പണികളും സുഗമമായി നടത്തിപോന്നിരുന്നു. എന്നാൽ പുരയിടത്തിൽ നിന്നുള്ള ആദായം നാൾക്കുനാൾ കുറഞ്ഞു വരികയും പൂജകളുടെയും മറ്റും ചിലവുകൾ കൂടികൂടി വരികയും ചെയ്ത സാഹചര്യത്തിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഈയിടെയായി ഉണ്ടാകുന്നുണ്ട്. എന്നാലും കാരണവന്മാരുടെയും പരദേതയുടെയും അനുഗ്രഹത്താൽ കുടുംബാങ്ങങ്ങളുടെ ഉദാരമായ സംഭാവനകൾ കൊണ്ട് പൂജകളും മഠത്തിന്റെ അറ്റകുറ്റപ്പണികളും നടത്തിപ്പോരാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. മൂന്ന് വര്ഷം മുമ്പ് 4 ലക്ഷം രൂപയിൽ അധികം ചിലവാക്കി മഠത്തിന്റെ അറ്റകുറ്റപണികൾ ചെയ്യാൻ സാധിച്ചു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. മുറപ്രകാരം ഇപ്പോഴത്തെ കാരണവർ ശ്രീ ഇ പി വേലായുധമേനോൻ ആണെങ്കിലും അദ്ദേഹത്തിന്റെ ചില അസൗകര്യങ്ങൾ നിമിത്തം എല്ലാ ചുമതലകളും രേഖാമൂലം ശ്രീ ഇ പി മോഹനനെ ഏല്പിച്ചിരിക്കുകയാണ്. ഇപ്പോഴും മഠം സംബന്ധിച്ച കാര്യങ്ങൾ വേണ്ടപോലെ നടന്നുപോരുന്നതിൽ എല്ലാവര്ക്കും സന്തോഷിക്കാം.